ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം. ട്രാവലർ ഡ്രൈവർ പാലക്കാട് വടവന്നൂർ സ്വദേശി രാജേഷ്, രമണി എന്നിവരാണ് മരിച്ചത്. പത്തുപേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കൊട്ടിയൂർ തീർഥാടകർ സഞ്ചരിച്ച ട്രാവലറും എതിർ വശത്തു നിന്നെത്തിയ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ട്രാവലറിൻ്റെ മുൻവശം പൂർണ്ണമായും തകർന്ന നിലയിലാണ്. ഡ്രൈവർ രാജേഷ് സംഭവ സ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു.
പാലക്കാട് നിന്നും കണ്ണൂർ കൊട്ടിയൂരിലേക്ക് തീർത്ഥാടനത്തിനായി ബന്ധുക്കൾ ഉൾപ്പെടെയുള്ള സംഘം പുറപ്പെട്ടതായിരുന്നു. ട്രാവലറിൽ 27 യാത്രക്കാരും ടിപ്പർ ലോറിയിൽ മൂന്ന് പേരുമാണ് ഉണ്ടായിരുന്നത്. ടിപ്പർ ലോറിയിലുണ്ടായിരുന്ന മൂന്ന് പേർക്കും പരിക്കേറ്റിട്ടുണ്ട്.
അപകടമുണ്ടായ ഉടൻ തന്നെ കൊണ്ടോട്ടി പോലീസും നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. തകർന്ന വാഹനത്തിൽ നിന്ന് ഏറെ പ്രയത്നിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
