കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കുരുക്ക് മുറുകുന്നു: ജനപ്രതിനിധികളുടെ വിചാരണയ്ക്ക് സർക്കാർ അനുമതി വേണ്ടെന്ന് കോടതി.

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതി ചേർക്കപ്പെട്ട എ.സി മൊയ്തീൻ എം.എൽ.എ,  കെ.രാധാകൃഷ്‌ണൻ എം.പി എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമില്ലെന്ന കോടതി വിധി സി.പി.എം നേതൃത്വത്തിന് തിരിച്ചടിയായി. പാർട്ടിയുടെ ഉന്നത നേതാക്കൾ അടക്കം 28 പേരെ പ്രതികളാക്കി ഇ.ഡി സമർപ്പിച്ച അധിക കുറ്റപത്രം പരിഗണിച്ചാണ് കൊച്ചിയിലെ പ്രത്യേക പി.എം.എൽ.എ കോടതി വിധി പ്രസ്ഥാവിച്ചത്.

കുറ്റകൃത്യം നടക്കുന്ന സമയത്ത് ഇരുവരും ജനപ്രതിനിധകളല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി.എം.എൽ.എ കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ബാങ്കിൽ നടക്കുന്ന ക്രമക്കേടുകളെ കുറിച്ചുള്ള പരാതിയെ തുടർന്ന് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പിൻ്റെ വിവരങ്ങൾ പുറത്തുവന്നത്. 

തുടക്കത്തിൽ 108 കോടിയുടെ തട്ടിപ്പാണെങ്കിൽ പിന്നീട് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. 232 കോടിയുടെ തട്ടിപ്പും കള്ളപ്പണ ഇടപാടും നടന്നെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഇ.ഡി സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലെ 56 മുതൽ 66 വരെയും 74 മുതൽ 83 വരെയും പ്രതികൾ അനധികൃത വായ്പയെടുത്തവരാണ്. 

ജനപ്രാതിനിധ്യ നിയമ പ്രകാരം രജിസ്‌റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടിയാണെങ്കിലും  കുറ്റകൃത്യത്തിൽ പങ്കാളിയായാൽ വ്യക്‌തികളുടെ കൂട്ടായ്മ എന്ന നിലയിൽ പാർട്ടിയെ കമ്പനിയായാണ് കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം കണക്കാക്കുകയെന്ന വാദം കോടതി പരിഗണിച്ചു.

സാക്ഷിമൊഴികൾക്ക് പുറമെ മാപ്പുസാക്ഷികളുടെ മൊഴികളും പ്രതികൾ സ്വന്തം കൈപ്പടയിൽ എഴുതിയ കുറ്റസമ്മത മൊഴികളും ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെൻറ് ഉൾപ്പടെ രേഖകളും ഇ.ഡി സമർപ്പിച്ചിട്ടുണ്ട്.  പി.എം.എൽ.എ കേസിൽ പ്രതികളുടെ കുറ്റസമ്മത മൊഴികൾ അവരോടൊപ്പം വിചാരണ നേരിടുന്ന മറ്റ് പ്രതികൾക്കെതിരെയും തെളിവായി പരിഗണിക്കും. 

മുൻ സെക്രട്ടറിയും മാനേജരുമടക്കം പ്രതി ചേർക്കപ്പെട്ട രണ്ട് പേർ മാപ്പു സാക്ഷികളാണ്. കുറ്റകൃത്യത്തിലൂടെ നേടിയ പണം കൈവശമുണ്ടെന്ന ആരോപണം ഉയർന്നാൽ അത് തെറ്റാണെന്ന് തെളിയിക്കേണ്ട ബാധ്യത പ്രതികൾക്കാണ്. പ്രതികളിൽ നിന്ന്  പണമായും സ്വർണമായും വാഹനമായും വസ്തുവായും മറ്റും കണ്ടുകെട്ടിയ 130 കോടി കരുവന്നൂർ ബാങ്കിന് അവകാശപ്പെടാവുന്നതാണ്.  കണ്ടുകെട്ടിയ വസ്തു വകകൾ ബാങ്കിന് വിട്ടുനൽകാൻ  ഒരുക്കമാണെന്ന് ഇ.ഡി കോടതിയെ അറിയിച്ചിരുന്നു.

2012-13 കാലത്താണ് കരുവന്നൂർ ബാങ്കിൽ ക്രമക്കേടുകൾ നടന്നത്. അനർഹർക്ക് വലിയ തുക വായ്‌പ അനുവദിക്കാൻ ഭരണസമിതിയിൽ സമ്മർദ്ദം ചെലുത്തിയെന്നാണ് സി.പി.എം നേരിടുന്ന പ്രധാന ആരോപണം. നേതാക്കൾക്കെതിരെ പ്രഥമ ദൃഷ്‌ട്യാ തെളിവുണ്ടെന്ന് ഹൈകോടതി ഇന്നലെ പ്രസ്ഥാവിച്ചിരുന്നു. ലഭ്യമായ രേഖകളും മൊഴികളും പ്രകാരം പ്രഥമദൃഷ്‌ട്യാ പ്രതികളെ വിചാരണ ചെയ്യാനാവുമെന്ന് കോടതി വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം