പെൻഷൻ കമ്പനി ബാധ്യത: ക്ഷേമ പെൻഷൻ നേരിട്ട് നൽകണമെന്ന് നിർദ്ദേശം


സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിനായി  ഏർപ്പെടുത്തിയ പ്രത്യേക കമ്പനിയെ ഒഴിവാക്കുമെന്ന് സൂചന. ധവളപത്രത്തിലെ നിർദ്ദേശ പ്രകാരം പെൻഷൻ അക്കൗണ്ട് വഴി നൽകാനാണ് ആലോചന. കമ്പനിയെ ആശ്രയിക്കുന്നതു വഴിയുള്ള ഭരണപരമായ ചെലവുകളും കടബാധ്യതകളും ഇതുവഴി കുറക്കാനാവുമെന്നാണ് സർക്കാർ കരുതുന്നത്.

സാമൂഹിക സുരക്ഷ പെൻഷൻ വിതരണം ചെയ്യാനുള്ള കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ്  (കെ.എസ്.എസ്.പി.എൽ) ഖജനാവിന് വലിയ ബാധ്യത വരുത്തുന്നതായി ധവളപത്രം റിപ്പോർട്ടിലുണ്ട്.

2023-24 സാമ്പത്തിക വർഷം മാത്രം പെൻഷൻ കമ്പനി 3,321 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. കമ്പനി വഴി പെൻഷൻ നൽകുന്ന രീതി നിർത്തലാക്കി,  പകരം ആധാർ അധിഷ്ഠിത ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡി.ബി.ടി) സംവിധാനം ഏർപ്പെടുത്തണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ. 

ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നേരിട്ട് നൽകിയാൽ കമ്പനി മൂലമുള്ള അധിക ബാധ്യത ഒഴിവാക്കാനാവും എന്നാണ് കണക്കാക്കുന്നത്.

നിലവിൽ വീടുകളിൽ ചെന്ന് പെൻഷൻ വിതരണം ചെയ്യുന്ന രീതി ഇല്ലാതാകുന്നത് വയോധികർക്ക് ഏറെ പ്രയാസം സൃഷ്‌ടിച്ചേക്കുമെന്ന ആശങ്കയുമുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം