പെരുമുടിയൂർ റെയിൽവേ അടിപ്പാത തുറന്നു; ഇനി തീവണ്ടിയെ ഭയക്കാതെ വിദ്യാർത്ഥികൾക്ക് സ്‌കൂളിലെത്താം

പട്ടാമ്പി - പള്ളിപ്പുറം സ്റ്റേഷനുകൾക്കിടയിൽ നിർമ്മിച്ച റെയിൽവേ അടിപ്പാത യാഥാർത്ഥ്യമായതോടെ തീവണ്ടി ഭയം കൂടാതെ കുട്ടികൾ സ്‌കൂളിലെത്തി. നീണ്ട കാത്തിരിപ്പിനൊടുവിലാണ് സുരക്ഷിത യാത്രയ്ക്ക് പെരുമുടിയൂർ റെയിൽവേ അടിപ്പാത യാഥാർഥ്യമായത്. 

കോയപ്പടിയിൽ ബസ്സിറങ്ങുന്ന കുട്ടികൾക്ക് പെരുമുടിയൂർ ഗവ. ഓറിയൻ്റൽ ഹയർ സെക്കൻഡറി സ്കൂ‌ൾ, ഗവ.എൽപി സ്കൂൾ, പ്രീ പ്രൈമറി സ്കൂൾ എന്നിവിടങ്ങളിൽ എത്താൻ തീവണ്ടിപ്പാതയാണ് കുട്ടികൾ നാളിതുവരെ ആശ്രയിച്ചിരുന്നത്. റെയിൽപാത ഇരട്ടിപ്പിച്ച ശേഷം ഏറെ അപകടകരമായിരുന്നു പാളം താണ്ടൽ. ഈയടുത്ത കാലങ്ങളിൽ മൂന്ന് കുട്ടികൾ തീവണ്ടി തട്ടി മരിച്ച സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്.

തീവണ്ടികൾക്ക് വേഗത വർധിച്ചതും ശബ്‌ദ രഹിതമായതും കൂടുതൽ അപകടക്കെണിയായി മാറി. ദിനേന നൂറുകണക്കിന് വിദ്യാർത്ഥികളും അധ്യാപകരും പ്രദേശവാസികളും ഭീതിയോടെയാണ് ട്രാക്ക് മുറിച്ചു കടന്നിരുന്നത്. 

നൂറ്റാണ്ടുകാലത്തെ നാട്ടുകാരുടേയും സ്‌കൂൾ അധികൃതരുടേയും  മുറവിളികൾക്കും  ജനപ്രതിനിധികളുടെ ഇടപെടലിനും മെട്രോമാൻ ഇ.എം ശ്രീധരൻ ഉൾപ്പെടെയുള്ളവരുടെ സമ്മർദ്ദങ്ങൾക്കും ശേഷമാണ് അടിപ്പാത യാഥാർത്ഥ്യമായത്.

കഴിഞ്ഞ വർഷമാണ് നിർമ്മാണം തുടങ്ങിയത്.  95.36 ലക്ഷം രൂപ ചെലവിൽ 14 മീറ്റർ നീളവും 2.5 മീറ്റർ വീതിയും 1.85 മീറ്റർ ഉയരവുമുള്ളതാണ് അടിപ്പാത. പുതിയ അധ്യയന വർഷാരംഭത്തിൽ തന്നെ അടിപ്പാത തുറന്നു കൊടുത്തതിലും സുരക്ഷിത യാത്ര സാധ്യമായതിലും വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും ആഹ്ലാദത്തിലാണ്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം