വംശനാശം നേരിടുന്ന കരിമ്പനകളെ സംരക്ഷിക്കാനുള്ള ജനകീയ പരിസ്ഥിതി പദ്ധതി 'വിത്തുയാത്ര' പതിനൊന്നാം വർഷത്തിലേക്ക് കടക്കുന്നു. 2026 ലെ വിത്തുയാത്രയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്ന് കവി രാജേഷ് നന്ദിയംകോട് പറഞ്ഞു.
മഴക്കാലം മുഴുവൻ നീണ്ടുനിൽക്കുന്നതാണ് കവി രാജേഷ് നന്ദിയംകോടിൻ്റെ വിത്തു യാത്ര! കിട്ടാവുന്നിടങ്ങളിൽ നിന്നെല്ലാം കരിമ്പന വിത്തുകൾ ശേഖരിച്ച് പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലെ തോട്- പാട വരമ്പുകളിലും പുഴയോരങ്ങളിലും വഴിയോരങ്ങളിലും പൊതു ഇടങ്ങളിലും വിത്തുകൾ പാകുന്നതാണ് വിത്തു യാത്ര കൊണ്ട് ലക്ഷ്യമിടുന്നത്.
നാട്ടിൽ അവശേഷിക്കുന്ന കരിമ്പനകളുടെ പഴുത്ത് വീഴുന്ന പനം പഴങ്ങളാണ് നടാനായി ഉപയോഗിക്കുന്നത്. മുമ്പ് പാകിയ വിത്തുകൾ പലയിടത്തും വളർന്നുവരുന്നുണ്ട്.
പത്ത് വിത്ത് പാകിയാൽ ഒന്ന് രണ്ടെണ്ണമേ മുളയ്ക്കാറുള്ളൂ. കാലാവസ്ഥ അനുകൂലമല്ലെങ്കിൽ ചിലപ്പോൾ ഒരു വിത്തും മുളച്ചെന്ന് വരില്ല. അതിനാൽ ഒരിടത്ത് തുടർച്ചയായി മൂന്നും നാലും വർഷം വിത്തുയാത്ര സംഘടിപ്പിക്കേണ്ടി വരാറുണ്ടെന്ന് രാജേഷ് പറഞ്ഞു.
ഒരു കരിമ്പന വിത്ത് മുളച്ച് വളർന്ന് കായ്ക്കാൻ ചുരുങ്ങിയത് ഇരുപത്തഞ്ച് വർഷം വേണ്ടിവരും. പാലക്കാടിൻ്റെ മുഖമുദ്രയായ കരിമ്പനക്ക് ശരാശരി മുന്നൂറ് വർഷം ആയുസ്സുണ്ട്. വീട് നിർമ്മാണത്തിനും നിരവധി കുടുംബങ്ങളുടെ ജീവിതവും മുന്നോട്ടു കൊണ്ടുപോകാനും കരിമ്പനയെ ആശ്രയിച്ചിരുന്ന സമൂഹം ഇന്ന് പുറമ്പോക്ക് ഭൂമികളിൽ നിന്ന് പോലും യന്ത്രങ്ങളുടെ സഹായത്താൽ കരിമ്പനകളെ പിഴുത് മാറ്റി കൊണ്ടിരിക്കയാണ്.
വിവിധ ക്ലബ്ബുകൾ, സന്നദ്ധ പ്രവർത്തകർ, എഴുത്തുകാർ, അധ്യാപകർ, പൊതുപ്രവർത്തകർ, മാധ്യമ പ്രവർത്തകർ, വിദ്യാർത്ഥികൾ, കുടുംബശ്രീ യൂണിറ്റുകൾ, തൊഴിലാളികൾ തുടങ്ങി ജീവിതത്തിന്റെ സമഗ്ര മേഖലയിലുള്ളവർ വിത്തുയാത്രയിൽ സഹകരിക്കാറുണ്ടെന്ന് സംവിധായകൻ കൂടിയായ രാജേഷ് നന്ദിയംകോട് പറഞ്ഞു.
പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് പുളിയപ്പറ്റ കായലോരത്ത് വിത്തുകൾ നട്ടാണ് വിത്തുയാത്ര തുടങ്ങുന്നത്. രാവിലെ 10 മണിക്ക് ആറങ്ങോട്ടുകരയിൽ നടക്കുന്ന ചടങ്ങിൽ ഔപചാരിക ഉദ്ഘാടനം നടക്കും.
