പാലക്കാട് കഞ്ചിക്കോട് ഐ.ഐ.ടി വിദ്യാർഥിനിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ബംഗാൾ സ്വദേശി അറസ്റ്റിൽ. കൊൽക്കത്ത സ്വദേശി സുമനെയാണ് (21) പാലക്കാട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. മാസങ്ങൾ നീണ്ട അന്വേഷണത്തിന് ശേഷമാണ് പ്രതി പിടിയിലായത്.
രണ്ട് ദിവസത്തിന് ശേഷം തിരിച്ചറിയൽ പരേഡ് നടക്കും. പെൺകുട്ടി ഇയാളെ തിരിച്ചറിഞ്ഞാലേ മറ്റു നടപടികൾ നടത്താനാകൂവെന്ന് പോലീസ് പറഞ്ഞു. കാമ്പസിൽ നിർമ്മാണ തൊഴിലാളിയായി എത്തിയ സുമൻ വിദ്യാർഥിനിയെ ആക്രമിച്ച ശേഷം കടന്നു കളയുകയായിരുന്നു. മാസങ്ങളോളം നീണ്ട നിരീക്ഷണത്തിനൊടുവിൽ കൊൽക്കത്തയിലെത്തി ഏറെ ശ്രമകരമായാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഫെബ്രുവരി 23ന് രാത്രി എട്ടരയോടെയാണ് ഡാറ്റ സയൻസ് എൻജിനീയറിങ് വിദ്യാർഥിനിയും സേലം സ്വദേശിയുമായ അശ്വനി കണ്ണൻ (23) ആക്രമിക്കപ്പെട്ടത്. ഇരുട്ടായതിനാലും പിറകിൽ നിന്നുള്ള ആക്രമണമായതിനാലും പ്രതിയെ തിരിച്ചറിയാനോ കണ്ടുപിടിക്കാനോ സാധിച്ചില്ല.
സുഹൃത്തുക്കൾക്ക് പിന്നിലായി ഡൈനിങ് ഹാളിലേക്ക് നടന്നുപോകുന്നതിനി ടെയാണ് അശ്വനി കണ്ണൻ ആക്രമിക്കപ്പെട്ടത്. വലത് കണ്ണിനു മുകളിലായി നെറ്റിയിലും തലയിലുമാണ് പരിക്കേറ്റത്. നിലവിളി കേട്ട് സഹപാഠികൾ തിരിഞ്ഞു നോക്കിയപ്പോഴാണ് രക്തം വാർന്ന നിലയിൽ അശ്വനിയെ കണ്ടത്. അബോധാവസ്ഥയിലായ വിദ്യാർഥിനിയെ കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആക്രമണ കാരണവും ആരാണ് ആക്രമിച്ചതെ ന്നതും അറിയില്ലെന്നാണ് വിദ്യാർഥികൾ അന്ന് മൊഴി നൽകിയത്.
ആക്രമണം നടന്ന സ്ഥലത്ത് സി.സി.ടി.വി കാമറകൾ ഇല്ലാത്തതും അന്വേഷണത്തിന് വെല്ലുവിളിയായിരുന്നു. തുടർന്ന് കാമ്പസിലെ അന്തർ സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. കാമ്പസിൽ നിന്ന് മടങ്ങിപ്പോയ സുമൻ തിരിച്ചു വരാതിരുന്നതോടെയാണ്
ഇയാളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയത്. പ്രതി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. വ്യാഴാഴ്ച രാവിലെ പാലക്കാട്ടെത്തിച്ച പ്രതിയെ ഉന്നത പോലീസ് സംഘം ചോദ്യം ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പശ്ചിമ ബംഗാളിൽ നിന്ന് റോഡ് മാർഗമാണ് അന്വേഷണ സംഘം പ്രതിയുമായി പാലക്കാട്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
