കൂറ്റനാട് വാവനൂർ കൂടല്ലൂർ മനയിൽ നിളയുടെ നാട്ടുവഴികൾ പരിപാടിയുടെ ഭാഗമായി നിളാതീരത്തെ കഥകളി പാരമ്പര്യം ചർച്ച ചെയ്തു. പ്രശസ്ത കഥകളി കലാകാരൻ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ കാലകേയ വധത്തിലെ കുടിലതയകതാരിൽ എന്ന ഭാഗം ചൊല്ലിയാടി ശില്പശാല ഉദ്ഘാടനം ചെയ്തു.
പ്രശസ്ത കലാനിരൂപകൻ ശ്രീവത്സൻ തിയ്യാടി നിളയുടെ കഥകളി പാരമ്പര്യത്തെ സദസ്സിന് പരിചയപ്പെടുത്തി. നിളയുടെ കൈവഴികളിലെ കളിയോഗങ്ങളെയും കളരികളെയും, വെട്ടത്ത് നാട്, തലപ്പിള്ളി സ്വരൂപം തുടങ്ങി പ്രബലരായ കഥകളി കലാകാരന്മാരെ അദ്ദേഹം പരിചയപ്പെടുത്തി.
നിളാതീരത്തെ കലാ- ശാസ്ത്ര വിദ്യാഭ്യാസങ്ങളുടെ യൂണിവേഴ്‌സിറ്റിയായിരുന്ന കൂടല്ലൂർ മനയായിരുന്നു വേദി. കഥകളി ആചാര്യൻ പദ്മശ്രീ ഡോ.കലാമണ്ഡലം ഗോപിയാശാൻ അഭ്യാസം തുടങ്ങുന്നത് കൂടല്ലൂർ കളിയോഗത്തിൽ നിന്നാണ്. കഥകളിയുടെ കുലപതി പട്ടിയ്ക്കാന്തൊടി രാവുണ്ണിമേനോനാശാന്റെ പ്രഥമവത്സല ശിഷ്യനായ തേക്കിൻകാട്ടിൽ രാവുണ്ണി നായരാശാൻ തുടങ്ങിവെച്ച കളരിയാണ് കൂടല്ലൂർ കളിയോഗം. നിരവധി മഹാരഥന്മാർ കഥകളി അവതരിപ്പിച്ച അരങ്ങാണ് കൂടല്ലൂർ.
നിളാനദി സംരക്ഷണം പ്രധാന വിഷയമായതിനാൽ ദക്ഷയാഗത്തിലെ കണ്ണിണയ്ക്കാനന്ദം എന്ന ഭാഗമാണ് ഡോ.പാഴൂർ ദാമോദരൻ ചൊല്ലിയാടിയത്. നടുമുറ്റത്തെ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി അദ്ദേഹത്തോടൊപ്പം കലാമണ്ഡലം വിപിൻ ശങ്കർ, കലാമണ്ഡലം ശ്രീജിത്ത്, നിധിൻ കൃഷ്ണ, കലാമണ്ഡലം ആറ്റൂർ പ്രശാന്ത് എന്നിവർ കൂടെ ചേർന്നു.
അഷ്ടാംഗം ആയുർവ്വേദ മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന പത്മശ്രീ പി.ആർ കൃഷ്ണകുമാർ, സെന്റർ ഫോർ ട്രഡീഷണൽ നോളഡ്ജ് സിസ്റ്റംസിന്റെ നേതൃത്വത്തിൽ, ആറങ്ങോട്ടുകര വയലി നാട്ടറിവ് സംഘം, ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴ എന്നിവയുടെ സഹകരണത്തോടെയാണ് നിളയുടെ നാട്ടുവഴികൾ എന്ന സംസ്‌കാര പഠന, സമാഹരണ, പ്രചാരണ പദ്ധതി ആസൂത്രണം നടത്തുന്നത്.
കഴിഞ്ഞ 7 സെഷനുകളായി നിളയുടെ തീരത്തെ ആയുർവ്വേദം, നെയ്‌ത്ത്, പുള്ളുവ സംഗീതം, ഗണിതം, സാംബവ സംഗീതം, പക്ഷി പുരാണം എന്നീ വിഷയങ്ങൾ അരങ്ങേറി.
അഷ്ടാംഗം ട്രസ്റ്റ് സെക്രട്ടറി ഉണ്ണി മങ്ങാട്ട് അദ്ധ്യക്ഷനായ യോഗത്തിൽ അഷ്ടാംഗം ആയുർവ്വേദ കോളേജിലെ ഡോ.ജിഷ്ണു നാരായണൻ സ്വാഗതവും, വയലി ഡയറക്ടർ വിനോദ് നമ്പ്യാർ ആമുഖ പ്രഭാഷണവും നടത്തി.

