കോഴിക്കോട് വടകര സ്വദേശി അസ്‌മിനയാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം ആറ്റിങ്ങലിൽ ലോഡ്‌ജ് മുറിയിൽ കൊല്ലപ്പെട്ടത്. ഇത് ക്രൂരമായ കൊലപാതകമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ആറ്റിങ്ങൽ മൂന്നുമുക്കിലുള്ള ലോഡ്‌ജിലായിരുന്നു യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ബിയർ കുപ്പി കൊണ്ട് ശരീരമാസകലം കുത്തി കൊലപ്പെടുത്തിയെന്നാണ് സംശയം. മുറിയിൽ നിന്നും കൃത്യത്തിനു ഉപയോഗിച്ച ബിയർ കുപ്പി കണ്ടെടുത്തിട്ടുണ്ട്. പ്രതി ലോഡ്‌ജ് ജീവനക്കാരനാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്.
അസ്മിനയെ ലോഡ്‌ജിൽ എത്തിച്ചത് ജീവനക്കാരനായ കായംകുളം സ്വദേശി ജോബി ജോർജാണ്. ഭാര്യ എന്ന് പരിചയപ്പെടുത്തിയായിരുന്നു ലോഡ്ജിൽ കൊണ്ടു വന്നത്. കൊലപാതകത്തിനു ശേഷം പുലർച്ചെ നാല് മണിക്ക് ജോബി ജോർജ് പോകുന്ന സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
