പാലക്കാട് റവന്യൂജില്ലാ ശാസ്ത്രമേള പട്ടാമ്പിയിൽ തുടങ്ങി. പട്ടാമ്പി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പട്ടാമ്പി ഗവ.യു.പി.സ്കൂൾ എന്നിവിടങ്ങളിലാണ് വേദി. മുഹമ്മദ് മുഹ്സിൻ എം.എൽ.എ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. പട്ടാമ്പി നഗരസഭാധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടി അധ്യക്ഷയായി. ത്രിതല തദ്ദേശ സാരഥികളും വിദ്യാഭ്യാസ പ്രവർത്തകരും പി.ടി.എ ഭാരവാഹികളും പങ്കെടുത്തു.
മൂന്നുദിവസങ്ങളിലായി നടക്കുന്ന ശാസ്ത്ര മേളയിൽ 12 ഉപജില്ലകളിൽ നിന്ന് 3854 കുട്ടികൾ വിവിധ വിഭാഗങ്ങളിലെ മത്സരങ്ങളിൽ പങ്കെടുക്കും. എഴുത്തു മത്സരങ്ങളടക്കം 18 മത്സരങ്ങൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഗണിതം, പ്രവൃത്തി പരിചയം, സാമൂഹിക ശാസ്ത്രം, ശാസ്ത്രം, ഐ.ടി എന്നീ വിഭാഗങ്ങളിലായി 171 വിഭാഗം മത്സരങ്ങളാണ് പട്ടാമ്പിയിൽ നടക്കുക.
90 ക്ലാസ് മുറികളാണ് മത്സരങ്ങൾക്കായി ഒരുങ്ങുന്നത്. 331 വിധികർത്താക്കളും 248 ഇൻവിജിലേറ്റർമാരും 243 വളൻറിയർമാരുമടക്കം 822 പേരാണ് മത്സരങ്ങൾ നിയന്ത്രിക്കുക. വാഹന പാർക്കിങ്ങിനും പ്രത്യേക ക്രമീകരണങ്ങളുണ്ട്. സമാപന സമ്മേളനം 24ന് വൈകീട്ട് വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്യും.
മത്സരാർഥികൾക്കും മറ്റുമുള്ള ഭക്ഷണമൊരുക്കുന്നത് മേലേ പട്ടാമ്പി ചിത്ര ഓഡിറ്റോറിയത്തിലാണ്. ഇവിടെ നിന്നും ഭക്ഷണം പായ്‌ക്ക് ചെയ്ത് സ്കൂളുകളിൽ എത്തിക്കും. കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ്റെ നേതൃത്വത്തിലാണ് ഭക്ഷണം ഒരുക്കിയത്. പട്ടാമ്പി മുനിസിപ്പൽ മുന്‍ ചെയർമാൻ കെ.പി ബാപ്പുട്ടി ഭക്ഷണ വിതരണ ഉദ്ഘാടനം നിർവഹിച്ചു.
