ചാലിശ്ശേരിയിൽ അടയ്ക്കാ വില ഉയർന്നത് കർഷകർക്ക് പ്രതീക്ഷയായി.

ദക്ഷിണേന്ത്യയിലെ പ്രധാന അടയ്ക്ക വിപണന കേന്ദ്രമായ ചാലിശ്ശേരി പഴയ അടയ്ക്ക മാർക്കറ്റിൽ ഉത്തരേന്ത്യൻ മാതൃകയിൽ നടത്തിയ ദീപാവലി മുഹൂർത്ത കച്ചവടം പൊടിപൊടിച്ചു.

തിങ്കളാഴ്ച മാത്രം മാർക്കറ്റിൽ നടന്നത് 6500 തുലാം അടയ്ക്ക വ്യാപാരം. മുഹൂർത്ത കച്ചവടത്തിൻ്റെ ഭാഗമായി കർഷകർക്ക്  എ.വൺ ഗ്രേഡ്  അടക്കക്ക്  കിലോക്ക് 507.50 രൂപ വരെ വില ലഭിച്ചു. 

ഞായറാഴ്ച മുതൽ പഴയ മാർക്കറ്റിൽ കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നായി കർഷകരും വ്യാപാരികളുമായി രണ്ടായിരത്തിലധികം  ചാക്ക്  അടയ്ക്കയാണ് ലേലത്തിന് എത്തിച്ചത്. 

പുതിയ അടക്ക 450, പട്ടോർ  350, കോക്ക 250, ലാലി 280   രൂപ നിരക്കിൽ വിൽപന നടന്നു. അടയ്ക്കാ ലേലം വൈകുന്നേരം വരെ തുടർന്നു. ഇതര സംസ്ഥാനത്ത് നിന്നും വ്യാപാരികൾ എത്തിയിരുന്നു.

വൻ തോതിൽ അടക്ക എത്തിയതോടെ മാസങ്ങൾക്ക് ശേഷം ചുമട്ടു തൊഴിലാളികൾക്കും മികച്ച പണി ലഭിച്ചു. അടയ്ക്ക കേന്ദ്രത്തിൻ്റെ വകയായി എല്ലാവർക്കും മധുര വിതരണവും നൽകി.

ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് വൻതോതിൽ അടയ്ക്ക  ഇറക്കുമതി തുടങ്ങിയതോടെ വില കുത്തനെ ഇടിഞ്ഞിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കിലോക്ക് 450 - 475 എന്ന നിലയിൽ വിൽപ്പന നടന്നത്.

2023, 2024 വർഷങ്ങളിൽ 228, 160 ടൺ അടക്ക ദീപാവലി മുഹൂർത്ത കച്ചവടത്തിനായി ഇവിടെ എത്തിയിരുന്നു. ഇത്തവണ 130 ടണ്ണാണ് എത്തിയത്. കോവിഡ് കാലത്ത് കിലോക്ക് 625 രൂപയോളം  വില ലഭിച്ചിരുന്നു. ഇത്രയും ഉയർന്ന വില കർഷകർക്ക് പിന്നീട് ലഭിച്ചിട്ടില്ല. ഓരോ വർഷന്തോറും ഉൽപാദനം കുറയുന്ന സാഹചര്യത്തിൽ അടക്ക കർഷകർ പ്രതിസന്ധിയിലാണ്.

1953ൽ ചാലിശ്ശേരിയിൽ ആരംഭിച്ച പഴയ അടക്ക കേന്ദ്രത്തിൽ രണ്ടുവർഷം  മുമ്പാണ് ദീപാവലി മുഹൂർത്ത കച്ചവടം ആരംഭിച്ചത്.

ഉത്തരേന്ത്യയിൽ പുതിയ സാമ്പത്തിക വർഷം ദീപാവലി ദിവസം മുതലാണ് ആരംഭിക്കുന്നത് എന്നതിനാൽ ഈ ദിവസം മുതൽ കച്ചവടത്തിൽ നേട്ടം ഉണ്ടാകുമെന്നാണ് വിശ്വാസം. മാർക്കറ്റിൽ വൈദ്യുത ദീപാലങ്കാരവും ഒരുക്കിയിരുന്നു.

മുഹൂർത്ത കച്ചവടത്തിന്ന് രക്ഷാധികാരി ഷിജോയ് തോലത്ത്, പ്രസിഡൻ്റ് ബഷീർ മണാട്ടിൽ, വൈസ് പ്രസിഡൻ്റ് സാലിഹ് കാണക്കോട്ടിൽ, സെക്രട്ടറി ബാബു കണ്ടരാമത്ത് എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം