രണ്ടു മാസം മുമ്പ് വിയ്യൂരിൽ നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളിയെ തമിഴ് നാട്ടിൽ നിന്ന് പിടികൂടി. തമിഴ്നാട്ടിലെ ട്രിച്ചിക്ക് സമീപം ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് ബാലമുരുകനെ പൊലീസ് പിടികൂടിയത്. കവർച്ച, കൊലപാതക ശ്രമം, കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടൽ ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ് ബാലമുരുകൻ.
നവംബർ മൂന്നിനാണ് ഇയാൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. തമിഴ്‌നാട് പൊലീസിന് കൈമാറിയ പ്രതിയെ തിരികെ എത്തിക്കുന്നതിനിടെ രാത്രിയായിരുന്നു സംഭവം. നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരനാണ്.
ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞപ്പോൾ പുറത്തിറങ്ങിയ ശേഷം ഒപ്പമുള്ള പൊലീസുകാരെ തള്ളിയിട്ട ശേഷം ഓടിയ ഇയാൾക്കെതിരെ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും പിടികൂടാനായിരുന്നില്ല. തമിഴ്‌നാട് പൊലീസിൻ്റെ വീഴ്ച സംബന്ധിച്ച വിവരങ്ങൾ പിന്നീട് പുറത്തുവന്നിരുന്നു.
പൊലീസിനെ ആക്രമിച്ച് നേരത്തെയും രക്ഷപ്പെട്ട കേസിലുൾപ്പടെ കേരളത്തിലും തമിഴ്‌നാട്ടിലുമായി കേസുകളിൽ പ്രതിയാണ് ബാലമുരുകൻ. കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട തമിഴ്‌നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവും മോഷ്ടാവുമായ ബലമുരുകൻ പിടിയിലായതിൽ തമിഴ്‌നാട് പൊലീസിന് ഇപ്പോൾ നേരിയ ആശ്വാസം ലഭിച്ചിരിക്കുകയാണ്.
സംഭവത്തിൽ തമിഴ്‌നാട് പൊലീസിന് സംഭവിച്ചത് ഗുരുതര സുരക്ഷാ വീഴ്‌ചയെന്ന കാര്യം ആദ്യ ഘട്ടത്തിൽ തന്നെ വ്യക്തമായിരുന്നു. തമിഴ്‌നാട് കടയം സ്വദേശി ബാലമുരുകനെ വിരുദുനഗർ കോടതിയിൽ ഹാജരാക്കി വിയ്യൂരിലേക്ക് തിരികെ എത്തിക്കുന്നതിനിടെ നവംബർ മൂന്നിനാണ് തൃശൂരിൽ നിന്ന് രക്ഷപ്പെട്ടത്.
സ്ഥിരം ക്രിമിനലായ പ്രതിയെ കൊണ്ടുവരുമ്പോൾ പാലിക്കേണ്ട മുൻകരുതൽ നടപടികളൊന്നും പോലീസ് സ്വീകരിച്ചിരുന്നില്ല എന്ന് ആക്ഷേപം ഉയർന്നിരുന്നു. സ്വകാര്യ കാറിൽ കൈവിലങ്ങ് അണിയിക്കാതെയാണ് ഇയാളെ എത്തിച്ചത്. ജയിലിന് മുന്നിൽ വെള്ളം വാങ്ങാൻ നിർത്തിയപ്പോൾ തമിഴ്‌നാട് ബന്ദൽകുടി എസ്.ഐ നാഗരാജിനെയും മറ്റു രണ്ടു പൊലീസുകാരെയും തള്ളി മാറ്റിയാണ് ബാലമുരുകൻ രക്ഷപ്പെട്ടത്. ഇയാൾ കടന്നുകഴിഞ്ഞ് ഒരുമണിക്കൂർ കഴിഞ്ഞാണ് വിയ്യൂർ പൊലീസിൽ തമിഴ്‌നാട് പൊലീസ് വിവരം അറിയിച്ചത്.
പ്രതിക്കെതിരെ വിയ്യൂർ പൊലീസ് കേസെടുത്തിരുന്നു. ഇയാളെ പിടികൂടാനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. പ്രതിയെ കണ്ടെത്താനായി സി.സി.ടി.വി കേന്ദ്രീകരിച്ചും അന്വേഷണവും നടത്തിയെങ്കിലും ഫലമുണ്ടായില്ല. തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള സാധ്യതയുള്ളതിനാൽ അവിടേക്കും അന്വേഷണം വ്യാപിപ്പിച്ചതും ഗുണമായില്ല. ബൈക്കിൽ രക്ഷപ്പെടാൻ സാധ്യതയുള്ളതിനാൽ ബൈക്ക് മോഷണം നടന്നിട്ടുണ്ടോ എന്നും നിരീക്ഷിച്ചു വന്നിരുന്നു.
ഇതിനു മുമ്പും സമാനമായ സാഹചര്യത്തിൽ കസ്റ്റഡിയിൽ നിന്ന് ബാലമുരുകൻ രക്ഷപ്പെട്ടിട്ടുണ്ട്. ബൈക്ക് കവർന്നാണ് അന്ന് രക്ഷപ്പെട്ടത്. 2021ൽ കേരള പോലീസാണ് മറയൂരിൽ നിന്ന് ഇയാളെ പിടികൂടി വിയ്യൂർ അതിസുരക്ഷാ ജയിലിലടച്ചത്.
തെങ്കാശി കോടതിയിൽ ഹാജരാക്കിയ പ്രതിയെ രാത്രിയോടെ റിമാൻ്റ് ചെയ്‌തു. രാത്രിയോടെ മധുര പാളയം കോട്ടയിൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി. പ്രതിയെ തൃശ്ശൂർ വിയ്യൂർ പൊലീസിനെ കൈമാറുന്ന അടക്കമുള്ള നടപടികൾ ഉടനെ ഉണ്ടാകും.
