ആദിശങ്കര കൾച്ചറൽ ട്രസ്റ്റ് നൽകുന്ന 2025 ലെ ഇന്ദ്രജാലശ്രേഷ്ഠ പുരസ്‌കാരം പാലക്കാട് മേഴത്തൂർ സ്വദേശി ആനന്ദ് മേഴത്തൂരിന് സമ്മാനിച്ചു. കവടിയാർ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ പദ്‌മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി പൊന്നാട അണിയിച്ഛ് ആദരിക്കുകയും പുരസ്‌കാരം നൽകുകയും ചെയ്തു.
ഇന്ദ്രജാലത്തിലും മെൻ്റലിസത്തിലും വ്യത്യസ്തമായ പ്രകടന രീതികളും പ്രവർത്തനങ്ങളും ഉപയോഗിച്ച് നിരവധി സന്ദേശ പ്രചാരണ ജാലവിദ്യകൾ അവതരിപ്പിച്ചുകൊണ്ട് യുവ മനസ്സുകളെ നേർവഴിക്കു നടത്താനുള്ള പ്രവർത്തനങ്ങൾക്ക് ഒട്ടനവധി ദേശീയ അന്തർദ്ദേശീയ പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ആനന്ദ് മേഴത്തൂരിൻ്റെ കഴിഞ്ഞ മുപ്പതു വർഷക്കാലത്തെ മാന്ത്രിക ജീവിതത്തിനുള്ള സമർപ്പണമാണ് അദ്ദേഹത്തെ ഈ പുരസ്‌കാരത്തിന് അർഹനാക്കിയത്.
അറിവിൻ്റെ അക്ഷരങ്ങൾ കൊണ്ട് ഒരു സമൂഹത്തെ ആകമാനം അടുക്കളയിൽ നിന്നും അരങ്ങത്തെത്തിച്ച വി.ടി ഭട്ടതിരിപ്പാടിൻ്റെ നാടായ മേഴത്തൂരിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച, ജാലവിദ്യയുമായി ഒരു ബന്ധവുമില്ലാതിരുന്നിട്ടും സ്വന്തം താല്പര്യപ്രകാരം ഇന്ദ്രജാലമെന്ന വിശാല ലോകത്തിലേക്കിറങ്ങിയ ആനന്ദൻ എന്ന ബാലനിൽ നിന്നും ഇന്ദ്രജാലത്തിൻ്റെ രാജകുമാരനായിരുന്ന ഗോപിനാഥ് മുതുകാടിൻ്റെ മാനേജർ പദവിയും ലോക റെക്കോർഡുകളും ഡോക്ടറേറ്റും അടക്കം നിരവധി പുരസ്കാരങ്ങൾ മുൻപും ആനന്ദ് മേഴത്തൂരിനെ തേടി എത്തിയിട്ടുണ്ട്.
കുട്ടികളുടെ ഗണിത ശാസ്ത്ര കഴിവുകളും ഓർമ്മ ശക്തി വർധിപ്പിക്കാനുള്ള മാർഗ്ഗങ്ങളും വികസിപ്പിക്കുന്നതിനായി തൻ്റെ ജീവിതം ഉഴിഞ്ഞു വെച്ചിരിക്കുന്ന Guinness IQ Man അജിക്കൊപ്പം ചേർന്നു കൊണ്ട് Inteligent Quations Education Design അഥവാ IQED എന്ന ആശയം ഉപയോഗിച്ച് ലോകത്തിന് തന്നെ ഉപകാരപ്രദമായ ഗണിത ശാസ്ത്ര സംബന്ധിയായ ഒരുപാട് പ്രവർത്തനങ്ങൾ നടത്തി വരുന്നു.
ഒട്ടേറെ വർഷത്തെ കഠിനമായ പരിശ്രമം കൊണ്ടാണ് അദ്ദേഹം ഇന്നത്തെ നിലയിൽ എത്തിച്ചേർന്നത്. മലയാളികളുടെ മാന്ത്രിക മുത്തച്ഛൻ ശ്രീ വാഴക്കുന്നം നമ്പൂതിരിപ്പാടിന്റെ ശിഷ്യ പരമ്പരയിലെ പ്രധാനിയായ കുമ്പിടി രാധകൃഷ്ണന്റെ* ശിഷ്യനായി , ഇന്ദ്രജാല വീഥിയിൽ 30 ൽ പരം വർഷത്തെ നിറ സാന്നിധ്യവും വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് തന്റേതായ ഇടവും കണ്ടെത്തിയ മാന്ത്രികനാണ് ആനന്ദ്.
മലയാള മാന്ത്രിക ലോകത്ത് മേഴത്തൂർ മായാവി എന്നറിയപ്പെടുന്ന മജീഷ്യൻ Dr. ആനന്ദ് മേഴത്തൂർ മാന്ത്രികലോകം, ആചാരം അനുഷ്ഠാനം, മേഴത്തോൾ അഗ്നിഹോത്രി മുതൽ ആനന്ദ് മേഴത്തൂർ വരെ തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്.
