നാടിനെയും നാട്ടുകാരെയും ഉത്സവ ലഹരിയിലാഴ്ത്തുന്ന ഇന്ത്യയിലെ ഗ്രാമീണ സ്ത്രീ സംരംഭകരുടെ ഏറ്റവും വലിയ വ്യാപാരോത്സവമായ ദേശീയ സരസ് മേളയ്ക്ക് ഒരുക്കം ഊർജ്ജിതമായി തുടരുന്നു. ജനുവരി 2 മുതൽ 11 വരെ തൃത്താല നിയോജക മണ്ഡലത്തിലെ ചാലിശ്ശേരിയിലാണ് സരസ് മേള നടത്തുന്നത്.
തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള കുടുംബശ്രീ മിഷൻ കേരളത്തിൽ സംഘടിപ്പിക്കുന്ന പതിമൂന്നാമത് സരസ് മേളയാണ് ചരിത്രത്തിലാദ്യമായി തൃത്താലയിലെത്തുന്നത്. പ്രചാരണത്തിന്റെ ഭാഗമായി ഡിസംബർ 30ന് രാവിലെ 7 മണിക്ക് കൂട്ടുപാത മുതൽ ചാലിശ്ശേരി വരെ മിനി മാരത്തോൺ സംഘടിപ്പിക്കും. "റൺ ഫോർ യൂണിറ്റി, ഡൈവേഴ്സിറ്റി ആൻഡ് ഫ്രറ്റേർണിറ്റി" എന്ന സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ടാണ് മാരത്തോൺ സംഘടിപ്പിക്കുന്നത്.
ഷൊർണൂർ എം.എൽ.എ പി.മമ്മിക്കുട്ടി മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്യും. സന്തോഷ് ട്രോഫി താരം മുഹമ്മദ് നിയാസ്, പാരാ ഫുട്ബാൾ ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാവ് ലെനിൻ എന്നിവർ മാരത്തോണിൽ പങ്കെടുക്കും. മാരത്തോൺ വിജയികൾക്ക് ഒന്നാം സമ്മാനമായി 10,000 രൂപയും, രണ്ടാം സമ്മാനം 5000, മൂന്നാം സമ്മാനമായി 3000 രൂപയും ക്യാഷ് പ്രൈസ് ലഭിക്കും.
കേരളത്തിലേയും ഇതര സംസ്ഥാനങ്ങളിലെയും രുചി വൈവിധ്യം വിളമ്പുന്ന 30ലധികം സ്റ്റാളുകൾ അടങ്ങുന്ന മെഗാ ഇന്ത്യൻ ഫുഡ്‌കോർട്ട്, പ്രശസ്‌തമായ കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന സംഗീത നൃത്തനിശകൾ, പ്രാദേശിക കലാകാരന്മാരുടേയും കലാകാരികളുടേയും കുടുംബശ്രീ അംഗങ്ങളുടെയും വൈവിധ്യമാർന്ന കലാവിഷ്‌ക്കാരങ്ങൾ, തൃത്താല മണ്ഡലത്തിലെ പ്രഗത്ഭ വ്യക്തിത്വങ്ങളെ ആദരിക്കുന്ന ആദര സന്ധ്യകൾ, വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, പുഷ്‌പമേള, ഹാപ്പിനെസ് കോർണർ തുടങ്ങിയവയെല്ലാം മേളയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
250 പ്രദർശന വിപണന സ്റ്റാളുകളിൽ കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ, തുണിത്തരങ്ങൾ, ഗൃഹോപകരണങ്ങൾ, നിത്യോപയോഗ സാധനങ്ങൾ തുടങ്ങി വിവിധ ഉത്പന്നങ്ങളുടെ പ്രദർശനവും വില്പനയും നടക്കും.
സരസ് മേളയുടെ മുന്നോടിയായി പ്രധാന കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം ജനകീയ ശുചീകരണ യജ്ഞം നടന്നു. മന്ത്രി എം.ബി രാജേഷ്, ത്രിതല തദ്ദേശ സാരഥികൾ തുടങ്ങിയവർ നേതൃത്വം നൽകി.
