കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്.
പത്തനംതിട്ട ഇലന്തൂർ പുന്നയ്‌ക്കൽ കുടുംബാംഗമാണ്. പരേതനായ പ്യാരിലാൽ മൂത്ത മകനാണ്. സംസ്കാരം ബുധനാഴ്ച നടക്കും.
മോഹൻലാലിന്റെ ചാരിറ്റി സംഘടനയായ വിശ്വശാന്തി ഫൗണ്ടേഷൻ, അമ്മയുടെയും അച്ഛന്റെയും പേരുകൾ ചേർത്തു കൊണ്ടുള്ളതാണ്. വീൽ ചെയറിൽ ഇരുന്നുകൊണ്ട് അമ്മ പിറന്നാൾ കൊണ്ടാടിയത് നേരത്തെ വാര്‍ത്തയായിരുന്നു.
നടൻ മമ്മൂട്ടി ഉൾപ്പെടെയുള്ളവർ മോഹൻലാലിൻ്റെ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു. തിരുവനന്തപുരം മുടവൻ മുഗളിലെ കുടുംബ വീട്ടിലേക്ക് മൃതദേഹം എത്തിക്കുമെന്നാണ് വിവരം.
കഴിഞ്ഞ വർഷം അമ്മയുടെ 89-ാം പിറന്നാൾ ദിനം മോഹൻലാലും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാമായി ആഘോഷിച്ചിരുന്നു. മോഹൻലാലിൻ്റെ അച്ഛൻ വിശ്വനാഥൻ നായരും സഹോദരൻ പ്യാരിലാലും അന്തരിച്ചശേഷം ശാന്തകുമാരി അമ്മ മോഹൻലാലിനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്.
അമ്മയുമായി ഹൃദ്യമായ ആത്മബന്ധം പുലർത്തിയിരുന്ന മോഹൻലാൽ പലവേദികളിലും ബ്ലോഗുകളിലുമായി തൻ്റെ സിനിമാ ജീവിതത്തിലും വ്യക്തി ജീവിതത്തിലും അമ്മ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ദാദാ സാഹേബ് ഫാൽക്കേ പുരസ്ക്കാര നേട്ടം അമ്മയ്ക്കൊപ്പം പങ്കുവെക്കാൻ സാധിച്ചത് വലിയ ഭാഗ്യമെന്ന് മോഹൻലാൽ പ്രതികരിച്ചിരുന്നു. പുരസ്‌കാരം ലഭിച്ച വിവരം അറിഞ്ഞ് നടൻ ആദ്യം സന്ദർശിച്ചതും അമ്മയെ ആയിരുന്നു.
