പട്ടാമ്പി നഗരസഭയിൽ കുടിവെള്ളം പമ്പു ചെയ്യുന്നതിന് ആവശ്യമായ വെള്ളം ഇല്ലാത്തതിന് ശാശ്വത പരിഹാരം കാണുന്നതിന് സംയുക്ത പരിശോധന നടത്തി.
ബസ് സ്റ്റാൻ്റ് പരിസരത്തെ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് ഉദ്യോഗസ്ഥരാണ് സംയുക്ത പരിശോധന നടത്തിയത്. ബസ് സ്റ്റാൻ്റ് പമ്പ് ഹൗസിൽ പമ്പിംഗിന് ആവശ്യമായ വെള്ളം ലഭിക്കാത്ത സാഹചര്യം നഗരസഭാ ചെയർ പേഴ്സൺ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് നടപടി.
കളക്ടറുടെ നിർദ്ദേശ പ്രകാരം ചെറുകിട ജലസേചന വിഭാഗം, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ, നഗരസഭാ പ്രതിനിധികൾ എന്നിവർ പമ്പ് ഹൗസും അനുബന്ധ പ്രദേശങ്ങളും നേരിട്ട് സന്ദർശിച്ചു. നിലവിലെ തടസ്സങ്ങൾ നീക്കി പമ്പിംഗിന് ആവശ്യമായ വെള്ളം ലഭ്യമാക്കുന്നതിന് ആവശ്യമായ സാങ്കേതിക നടപടികൾ സ്വീകരിക്കുമെന്ന് ചെറുകിട ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പുനൽകി.
നഗരസഭാ ചെയർ പേഴ്സൺ ടി.പി ഷാജി, മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ബിജു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് അജയകുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി.സി ജിതിൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വാട്ടർ അതോറിറ്റിയെ പ്രതിനിധീകരിച്ച് ഷൊർണൂർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ശ്യാംജിത്ത്, പാലക്കാട് പി.എച്ച് ഡിവിഷൻ ടെക്നിക്കൽ അസിസ്റ്റന്റ് സലിം കുമാർ, പട്ടാമ്പി വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ സി.എം നിയാസ് എന്നിവരും സന്ദർശന സംഘത്തിലുണ്ടായിരുന്നു.
പരിശോധനക്ക് ശേഷം നടന്ന യോഗത്തിൽ നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിതേഷ് മോഴിക്കുന്നം, കൗൺസിലർമാരായ ടി.പി ഉസ്മാൻ, സി.കൃഷ്ണദാസ്, നഗരസഭാ സെക്രട്ടറി ഡോ. എസ്.അമൽ എന്നിവരും പങ്കെടുത്തു.
വരും ദിവസങ്ങളിൽ തന്നെ കുടിവെള്ള വിതരണം സുഗമമാക്കുന്നതിനുള്ള പ്രവൃത്തികൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.


👍
മറുപടിഇല്ലാതാക്കൂ